Home Keralaകൂടത്തിൽ ജയമാധവൻ നായരുടെ മരണം സ്വത്തിനുവേണ്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്; ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും, കൂടുതൽ അറസ്റ്റിന് സാധ്യത

കൂടത്തിൽ ജയമാധവൻ നായരുടെ മരണം സ്വത്തിനുവേണ്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്; ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും, കൂടുതൽ അറസ്റ്റിന് സാധ്യത

by news_desk1
0 comments

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണം സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തൽ. ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കേസിലെ പ്രതിയായ രവീന്ദ്രൻ നായർ ഗൂഢാലോചന ആരംഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രവീന്ദ്രൻ നായരുടെ മുൻ കാര്യസ്ഥനും ഇയാളുടെ ബന്ധുവും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇവരെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. വിദേശത്തുള്ള മൂന്നാം പ്രതിയായ സജിയെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.

ജയമാധവൻ നായരെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിലെത്തിച്ചത് സജുവിന്റെ കാറിലായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാൻ രവീന്ദ്രൻ നായരുടെ സഹായിയായ ലീല കൂട്ടുനിന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രൻ നായർ ലീലക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും ആ പണം ഉപയോഗിച്ച് ലീല വീടും വസ്തുവും വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം.

രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മുൻ കാര്യസ്ഥനെയും ബന്ധുവിനെയും ചോദ്യം ചെയ്തത്.

2017ലാണ് കൂടത്തിൽ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായർ മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. 2021ൽ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തത്.

15 വർഷത്തിനിടെ കുടുംബത്തിൽ ഏഴ് മരണങ്ങൾ സംഭവിച്ചതും വലിയ സ്വത്തുവകകളുള്ള തറവാട്ടിലെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമം നടന്നോയെന്ന സംശയവും നേരത്തേ ഉയർന്നിരുന്നു. രവീന്ദ്രൻ നായരെ ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമോയെന്നും കൂടുതൽ പേർ അറസ്റ്റിലാകുമോയെന്നുമാണ് ഇനി ഉറ്റുനോക്കുന്നത്.

You may also like