കൊച്ചി: കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ നിർണായക വഴിത്തിരിവ്. സ്ത്രീകളെ കണ്ടെത്തി സംഘത്തിലേക്ക് എത്തിച്ചിരുന്നുവെന്ന് സംശയിക്കുന്ന ആലപ്പുഴ സ്വദേശിനി ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ശരണ്യയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സ്പായിൽ ജോലിക്കെത്തി ആദ്യം അതിക്രമത്തിന് ഇരയായ ശരണ്യ പിന്നീട് സംഘവുമായി അടുത്ത ബന്ധം സ്ഥാപിച്ച് കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പുതിയ സ്ത്രീകളെ സ്പാകളിലേക്ക് എത്തിക്കുന്നതിനും ഫോണിലൂടെ ബന്ധപ്പെടുന്നതിനും അവർക്ക് നിർദേശങ്ങൾ നൽകുന്നതിനും ശരണ്യ നേതൃത്വം നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗിച്ചശേഷം ശരണ്യ നിയന്ത്രണം വിട്ട് പെരുമാറാറുണ്ടെന്നും, തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യയാണെന്നും കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മൊഴി നൽകിയിട്ടുണ്ട്.
കൊച്ചിയിലെ സ്പാകളിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത് ഒന്നാം പ്രതി ശ്രീരാഗാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്പാകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്ന ഇയാൾ, ഇതിനായി ഉടമകളിൽനിന്ന് പണം ഈടാക്കിയിരുന്നതായും പൊലീസ് പറയുന്നു. രണ്ട് ലഹരിക്കേസുകളിലും യുവതികളോട് അപമര്യാദയായി പെരുമാറിയ കേസിലും ശ്രീരാഗ് പ്രതിയാണ്.
കേസിലെ മൂന്നാം പ്രതിയായ ജിത്ത് മാർട്ടിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശരണ്യക്കൊപ്പം പിടിയിലായ നാലാം പ്രതി സഞ്ജയ്, അതിക്രമത്തിന് ഇരയായ യുവതി മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെന്നാണ് പൊലീസിന്റെ ആരോപണം.
അതിക്രമം നടന്നതായി പറയുന്ന ലോഡ്ജിലെ മുകളിലത്തെ മുറിയിലും യുവതിയെ ആദ്യം അഭിമുഖത്തിനായി വിളിച്ച ‘ഡിലൈറ്റ് സ്പാ’യിലും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ലോഡ്ജിന്റെ മുകളിലത്തെ മുറിയിൽ ലഹരിമരുന്ന് നൽകിയശേഷം ഒരു രാത്രി മുഴുവൻ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.
അതേസമയം, അതിക്രമം നടന്ന ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്ത നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ലോഡ്ജിൽ എത്തിയിരുന്ന മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിനും ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
