ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തിരംഗ യാത്രയിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കർശന ഉപാധികളോടെ വിട്ടയച്ചു. പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടരുതെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനു ശേഷമാണ് ദീപ്കെയ്ക്ക് മോചനം ലഭിച്ചത്.
കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിയ ദീപ്കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരംഗ മാർച്ചിൽ പങ്കെടുക്കരുതെന്ന് കാണിച്ച് പൊലീസ് നേരത്തേ നോട്ടീസ് നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കർശന ഉപാധികളോടെ വിട്ടയച്ചത്.
കഴിഞ്ഞ പത്തിന് ജന്തർ മന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ചിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയ ദീപ്കെയെയും സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇവർക്കായില്ല. അന്ന് ദീപ്കെ ഉൾപ്പെടെയുള്ളവർക്ക് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തിരംഗ യാത്രയിൽ പങ്കെടുക്കാനിരിക്കെ ദീപ്കെയെ വീണ്ടും കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇന്നലെ ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറയെ ഇന്ന് രാവിലെ വിട്ടയച്ചിരുന്നു.
