ആലപ്പുഴ: അടച്ചുറപ്പില്ലാത്ത വീട്, തറയിൽ നിറയെ ചെളി, ചിതറിക്കിടക്കുന്ന വൃത്തിഹീനമായ വസ്ത്രങ്ങൾ. കൃത്യമായി ഭക്ഷണമോ പരിചരണമോ ലഭിക്കാതെ രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച വീട്ടിലെ കാഴ്ചകൾ ഹൃദയഭേദകം. കാർത്തികപ്പള്ളി–ഡാണാപ്പടി റോഡരികിലെ വീട്ടിൽ വളർന്ന കുഞ്ഞിന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്നത് കുട്ടികൾ നേരിട്ടിരുന്നതായി നാട്ടുകാർ പറയുന്ന കടുത്ത അവഗണനയുടെ വിവരങ്ങളാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്–താര ദമ്പതികളുടെ ആറാമത്തെ മകനാണ് രാഹുൽ. കുട്ടികൾക്ക് മതിയായ ഭക്ഷണവും പരിചരണവും ലഭിച്ചിരുന്നില്ലെന്നും അയൽവാസികളാണ് പലപ്പോഴും ഭക്ഷണം നൽകിയിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കാതിരുന്നതായും മൂത്ത കുട്ടികൾക്കായിരുന്നു ഇളയവരുടെ പരിചരണച്ചുമതലയെന്നും അയൽവാസികൾ പറയുന്നു.
രാത്രിയിൽ പാൽ വാങ്ങി വെള്ളം ചേർത്ത് കുട്ടികൾക്ക് നൽകിയിരുന്നതായും സ്ഥിരമായി കട്ടൻചായയിൽ ബിസ്കറ്റ് കലക്കിയതായിരുന്നു പ്രധാന ഭക്ഷണമെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു. കുട്ടികളെ കുളിപ്പിക്കുന്നതും ഭക്ഷണം നൽകുന്നതും അയൽവാസികളും മൂത്ത കുട്ടികളുമായിരുന്നു. ഒൻപതു വയസ്സുള്ള കുട്ടിയെക്കൊണ്ട് കിണറ്റിൽനിന്ന് വെള്ളം കോരിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
കുട്ടികളെ തനിച്ചാക്കി മാതാപിതാക്കൾ പുറത്തുപോകാറുണ്ടെന്നും പലപ്പോഴും രാത്രി വൈകിയാണ് തിരിച്ചെത്തിയിരുന്നതെന്നും അയൽവാസികൾ പറയുന്നു. അതുവരെ കുട്ടികളെ നോക്കിയിരുന്നത് അയൽക്കാരായിരുന്നു. രണ്ടാഴ്ച മുൻപ് കുട്ടികളെ നഴ്സറിയിൽ ചേർക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഒരാളെ നഴ്സറിയിൽ അയച്ചതെന്നും നാട്ടുകാരിൽ ഒരാൾ വെളിപ്പെടുത്തി. കുട്ടികളുടെ ജനനത്തീയതിയോ പ്രായമോ സംബന്ധിച്ച കാര്യങ്ങളിൽ പോലും മാതാപിതാക്കൾക്ക് വ്യക്തതയില്ലായിരുന്നുവെന്നും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ നൽകിയിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
കുട്ടികൾ നേരിടുന്ന അവഗണനയെക്കുറിച്ച് വാടകവീടിന്റെ ഉടമ നേരത്തേ പൊലീസിനെ അറിയിച്ചിരുന്നതായും വിവരമുണ്ട്. അന്ന് അയൽവാസികളാണ് രാഹുലിനെ കുളിപ്പിച്ച് ഭക്ഷണം നൽകിയതെന്നും നാട്ടുകാർ പറയുന്നു. കുട്ടികളെ എങ്ങനെയെങ്കിലും സുരക്ഷിതമായ സാഹചര്യത്തിലേക്ക് മാറ്റണമെന്നും മാതാപിതാക്കൾക്കൊപ്പം വീണ്ടും അയയ്ക്കരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പോഷകാഹാരക്കുറവ് മൂലമുണ്ടായ അനീമിയയാണ് രാഹുലിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ ആറരയോടെയാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അമ്മ താരയെ പ്രസവത്തിനായി ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവുമായിരുന്നു ഉണ്ടായിരുന്നത്.
രാജേഷിന്റെ ഓട്ടോറിക്ഷയിൽ രാഹുലിനെ മറ്റു നാലു മക്കൾക്കൊപ്പം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നു വർഷം മുൻപ് ദമ്പതികളുടെ മറ്റൊരു ആൺകുട്ടിയും മരിച്ചിരുന്നു.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ നേരത്തെയും ശ്രമങ്ങൾ നടന്നിരുന്നു. ഗർഭിണിയായ താരയെയും മക്കളെയും കഴിഞ്ഞ ഓഗസ്റ്റിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. എന്നാൽ ജീവനൊടുക്കുമെന്ന് താര ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഒന്നര ആഴ്ചയ്ക്കുശേഷം ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി ശിശുക്ഷേമ സമിതി വീണ്ടും കുടുംബത്തെ സമീപിച്ചെങ്കിലും താരയും രാജേഷും അതിന് തയ്യാറായിരുന്നില്ലെന്നാണ് വിവരം.
ഒരു കുഞ്ഞിന്റെ ജീവനെടുത്ത ദുരന്തത്തിനു പിന്നാലെ, കുടുംബത്തിലെ മറ്റു കുട്ടികളുടെ സുരക്ഷയും ഭാവിയും വലിയ ചോദ്യമായി ഉയരുകയാണ്. കുട്ടികൾക്ക് മതിയായ ഭക്ഷണവും പരിചരണവും സുരക്ഷിതമായ ജീവിതസാഹചര്യവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.
