Home Keralaമണ്ഡല പുനർനിർണയത്തെ എതിർക്കുന്നില്ല, സീറ്റ് വർധനയിലെ വിവേചനത്തെയാണ് എതിർക്കുന്നത്

മണ്ഡല പുനർനിർണയത്തെ എതിർക്കുന്നില്ല, സീറ്റ് വർധനയിലെ വിവേചനത്തെയാണ് എതിർക്കുന്നത്

by news_desk1
0 comments

ദില്ലി: മണ്ഡല പുനർനിർണയത്തിന് എതിരല്ലെന്നും എന്നാൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലെ വിവേചനത്തെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ചില സംസ്ഥാനങ്ങളിൽ മാത്രം സീറ്റുകൾ വർധിപ്പിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ വർഗീയതയെ ചെറുക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസ് മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഭരണഘടന മുന്നോട്ടുവയ്ക്കുന്നതും അതേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. റയാൻ വാദ്രയുടെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എല്ലാവർക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

യുഡിഎഫിനുള്ളിലോ കോൺഗ്രസിലോ തനിക്കുമേൽ സമ്മർദമില്ലെന്നും ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും സതീശൻ പറഞ്ഞു. മുസ്ലിം ലീഗ് സമ്മർദം ചെലുത്തുന്നില്ല. കേരളത്തിലെ മുസ്ലിം ലീഗ് 1940-കളിലേതിൽനിന്ന് വ്യത്യസ്തമാണ്. ലീഗ് ദുർബലമായാൽ ആ രാഷ്ട്രീയ ഇടം തീവ്രശക്തികൾ കൈയടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും ഈ ഐക്യം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങൾ ആരെയും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും കഴിയുന്ന ഇടമായി മാറിയെന്ന് സതീശൻ വിമർശിച്ചു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നാലെ പോയാൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും സ്വന്തം ബോധ്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണ്. മാനുഷികമായ തെറ്റുകൾ തനിക്കും സംഭവിക്കാമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

നയപരമായ വിഷയങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യാറുണ്ടെങ്കിലും ദൈനംദിന ഭരണകാര്യങ്ങളിൽ അതിന് സാധിക്കില്ലെന്ന് സതീശൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളും മന്ത്രിമാരുമായി കൂടിയാലോചിച്ചാണ് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്. കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ യുദ്ധത്തിനില്ലെന്നും ഭരണകാര്യങ്ങളിൽ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപിയെ പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന നിലപാട് തുടരുമെന്നും വ്യക്തമാക്കി.

You may also like