Home Top Storiesദീപക് സിംഗാളിനെതിരേ വിജിലൻസ് കേസില്ല; ടാസ്‌ക് ഫോഴ്‌സ് നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസില്ല; ടാസ്‌ക് ഫോഴ്‌സ് നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: ആരോഗ്യരംഗത്തെ പരിഷ്‌കാരങ്ങൾക്കായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ തലവനായി ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസുകളൊന്നുമില്ലെന്നും 2019ൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിജിലൻസ് ആരോപണങ്ങൾ നേരിട്ട നിരവധി പേർ ഭരണരംഗത്തും രാഷ്ട്രീയത്തിലുമുണ്ടെന്നും അത്തരത്തിലുള്ള ആരോപണങ്ങളുടെ പേരിൽ എല്ലാവരെയും മാറ്റിനിർത്താനാകുമോയെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പരിശോധിക്കണമായിരുന്നുവെന്നും സംഘത്തിലുള്ളവർ രാജ്യത്തെ അറിയപ്പെടുന്ന വ്യക്തികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് രൂപീകരണം ഉൾപ്പെടെയുള്ള സർക്കാർ തീരുമാനങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി.യോട് ചോദിച്ചിട്ടാണോ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾക്കായി ഫയലുമായി എ.കെ.ജി. സെന്ററിൽ പോകുന്ന പാർട്ടിയല്ലെന്നായിരുന്നു മറുപടി. അംഗങ്ങളെ കെ.പി.സി.സി.യല്ല നിർദേശിക്കുന്നതെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ച് അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന പങ്കാളികളായാണ് നിയോഗിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആരോഗ്യരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് കഴിഞ്ഞില്ലെങ്കിൽ സാധാരണക്കാർക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ചില രോഗികൾക്ക് ആവശ്യമില്ലാത്ത പരിശോധനകൾ പോലും നിർദേശിക്കുന്നുവെന്നും എം.ആർ.ഐ., സി.ടി. സ്കാൻ പരിശോധനകളുടെ പേരിൽ രോഗികൾ ചൂഷണത്തിന് ഇരയാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വിദേശത്തിരുന്ന് കേരളത്തിലെ ചികിത്സാബില്ലുകൾ തീരുമാനിക്കുന്ന രീതിയും ആരോഗ്യരംഗത്തെ ‘സൈലന്റ് സിൻഡിക്കേറ്റ്’ പ്രവർത്തനവും അവസാനിപ്പിക്കണമെന്ന നിലപാടും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ ആശുപത്രികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എം.എ. ചികിത്സയ്ക്കുള്ള മരുന്ന് ടെൻഡറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെന്ന ആരോപണത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി. ഇത് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, പാലം നിർമാണ കരാറുകൾ പോലെയുള്ള നടപടിയല്ലെന്നും ബന്ധപ്പെട്ട ജനറിക് മരുന്ന് നിർമിക്കുന്നത് ഈ കമ്പനി മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. നടപടിക്രമങ്ങൾ പാലിച്ചാണ് തീരുമാനം എടുത്തതെന്നും സുപ്രീം കോടതിയും ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴുത്ത് ഉറപ്പിക്കാനാകാത്ത കുഞ്ഞുങ്ങൾക്കുള്ള മരുന്ന് ആറര ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന റോഷ് കമ്പനിക്കുവേണ്ടി ഭരണപക്ഷം വാദിക്കരുതെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

You may also like