Home Nationalതീരത്തേക്ക് ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ്; 140 കി.മീ വേഗത്തിൽ കാറ്റ്, 53 ട്രെയിനുകൾ റദ്ദാക്കി

തീരത്തേക്ക് ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ്; 140 കി.മീ വേഗത്തിൽ കാറ്റ്, 53 ട്രെയിനുകൾ റദ്ദാക്കി

by news_desk1
0 comments

ന്യൂഡൽഹി: ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ജാഗ്രതാ നിർദേശം നൽകി ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. ഒക്ടോബർ 27, 28 തീയതികളിലായി സർവീസ് നടത്തേണ്ടിയിരുന്ന 53 ട്രെയിനുകൾ റദ്ദാക്കി. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 28ന് രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 17 കിലോമീറ്റർ വേഗത്തിൽ പടിഞ്ഞാറോട്ട് നീങ്ങുകയായിരുന്ന ചുഴലിക്കാറ്റ് വിശാഖപട്ടണത്തുനിന്ന് 490 കിലോമീറ്ററും കാക്കിനാഡയിൽനിന്ന് 560 കിലോമീറ്ററും ബാപ്പട്ലയിൽനിന്ന് 730 കിലോമീറ്ററും അകലെയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതിശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആന്ധ്രാപ്രദേശ് സർക്കാർ 20 ജില്ലകൾക്കായി 27 കോടി രൂപ അനുവദിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങളും ഊർജിതമാക്കി.

സുരക്ഷയുടെ ഭാഗമായി 4,711 ഗർഭിണികളെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കടലിൽ പോയിരുന്ന 30,043 മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി തുറമുഖങ്ങളിൽ തിരിച്ചെത്തിയതായും വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 15 ദേശീയ ദുരന്തനിവാരണ സേനാ സംഘങ്ങളെയും വിന്യസിച്ചു.

ഒഡീഷയിലെ ആറ് തെക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള തീരദേശ മേഖലകളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ചുഴലിക്കാറ്റിനെ തുടർന്നുള്ള ട്രെയിൻ റദ്ദാക്കൽ വിജയവാഡ, രാജമുണ്ട്രി, മച്ചിലിപട്ടണം, നരസാപൂർ, ഭീമാവരം, കാക്കിനാഡ തുറമുഖം, ഗുണ്ടൂർ, വിശാഖപട്ടണം തുടങ്ങിയ റൂട്ടുകളിലെ യാത്രക്കാരെ ബാധിക്കും.

You may also like