തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ മുൻ പി.എസ്.സി ഉദ്യോഗസ്ഥൻ പി. സതീഷിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിൽ കോഴിക്കോട് നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായി ഉൾപ്പെടുത്തിയത്. വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതല പൂർണ്ണമായും ഇയാൾക്കായിരുന്നു. കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിച്ച സതീഷ്, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരീക്ഷാ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന കാര്യം അറിയാൻ സതീഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
