ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പ്രശസ്തമായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വാടക കുത്തനെ കൂട്ടി. നിലവിലുണ്ടായിരുന്ന വാടക തുക ഇരട്ടിയാക്കാനും പരിപാടി അവതരിപ്പിക്കാനുള്ള സമയത്തിൽ വെട്ടിക്കുറവ് വരുത്താനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി. പുതിയ നിരക്കുകൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ ജി.എസ്.ടി ഉൾപ്പെടെ ഒരു മണിക്കൂറിന് 5,900 രൂപയായിരുന്ന വാടകയാണ് ഒറ്റയടിക്ക് 11,800 രൂപയായി ഇരട്ടിയാക്കിയത്. കൂടാതെ, കലാപരിപാടികൾക്കായി മുൻപ് അനുവദിച്ചിരുന്ന ഒന്നര മണിക്കൂർ സമയം ഇനി മുതൽ ഒരു മണിക്കൂറായി ചുരുക്കുകയും ചെയ്തു. ഒരു മണിക്കൂർ വീതമുള്ള സ്ലോട്ടുകളായാണ് ഓഡിറ്റോറിയം ബുക്കിംഗ് അനുവദിക്കുന്നത്. ഇതനുസരിച്ച് ഒരു ദിവസത്തെ മുഴുവൻ സ്ലോട്ടുകളും സ്വന്തമാക്കണമെങ്കിൽ 1.60 ലക്ഷം രൂപയോളം ചെലവാക്കേണ്ടി വരും.
കൃത്യം 60 ദിവസം മുൻപ് നേരിട്ടെത്തി അപേക്ഷിച്ചാൽ മാത്രമേ ഓഡിറ്റോറിയത്തിൽ സ്ലോട്ട് ലഭിക്കൂ. ഒരേ സമയം ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ നറുക്കെടുപ്പിലൂടെയാകും അർഹരെ നിശ്ചയിക്കുക. 2027 ജനുവരി 1, 2 തീയതികളിലെ പരിപാടികൾക്കായി ഇന്ന് ആരംഭിക്കുന്ന ബുക്കിംഗ് മുതൽ ഈ ഉയർന്ന തുകയും പുതിയ സമയക്രമവും ബാധകമായിരിക്കും. വാടക വർദ്ധനവും സമയ നിയന്ത്രണവും കലാകാരന്മാർക്കും സാംസ്കാരിക സംഘടനകൾക്കും കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
