മാൾട്ട: മാൾട്ടയിലെ പ്രധാനമന്ത്രിയുടെ കുടുംബത്തിന് ഒരു വർഷത്തോളം നിസ്വാർഥ സേവനം നൽകിയ മലയാളി നഴ്സിന് അപ്രതീക്ഷിത അംഗീകാരം. കുടുംബത്തിന്റെ ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിച്ച ഗീതു ലൂയിസിന്റെ പേര് പ്രധാനമന്ത്രി റോബർട്ട് അബേല ഔദ്യോഗിക വേദിയിൽ പ്രത്യേകം പരാമർശിച്ചതോടെ, ഗീതുവിന്റെ സേവനവും മലയാളി സമൂഹത്തിന്റെ അഭിമാനവും വാർത്തയായി.
പ്രശസ്തിയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ ഉത്തരവാദിത്തം നിർവഹിച്ച തനിക്ക് പ്രധാനമന്ത്രി പരസ്യമായി നന്ദി പറഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്ന് 35 കാരിയായ ഗീതു പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ അമ്പരന്നുപോയെന്നും അവർ പറഞ്ഞു.
തൃശൂർ ചാലക്കുടി സ്വദേശികളായ ലൂയിസ് പി.വി., ബീന ലൂയിസ് ദമ്പതികളുടെ മകളാണ് ഗീതു. മാൾട്ട മുൻ പ്രസിഡന്റ് ജോർജ് അബേല, പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവ്, ഒരു വർഷം മുൻപ് അപകടത്തിൽപ്പെട്ടതോടെയാണ് ഗീതുവിന് പ്രധാനമന്ത്രിയുടെ വസതിയിൽ പരിചരണ ചുമതല ലഭിച്ചത്. അദ്ദേഹത്തിന് നഴ്സിങ് സേവനം നൽകുന്നതിനിടെ പ്രധാനമന്ത്രിയുടെ മകൾ അസുഖബാധിതയായപ്പോഴും ഗീതു പരിചരണത്തിനായി ഒപ്പമുണ്ടായിരുന്നു. ജോലിയുടെ രഹസ്യസ്വഭാവം കാരണം സ്വന്തം മാതാപിതാക്കൾ പോലും പ്രധാനമന്ത്രിയുടെ കുടുംബത്തെയാണ് പരിചരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.
മാൾട്ടയിൽ മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ സേവനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പ്രസംഗം മാൾട്ടീസ് ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് മാറ്റി ഗീതുവിനെ പ്രത്യേകം പരാമർശിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും വിദേശ തൊഴിലാളികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും ഒരു വർഷമായി കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സ് ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗീതുവിന്റെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി കുടുംബം അവരോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ കാലം മുതൽ മാൾട്ടയിലെ നഴ്സിങ് രംഗത്ത് സജീവമാണ് ഗീതു. പൊതു-സ്വകാര്യ ആശുപത്രികളിലേക്ക് നഴ്സുമാരെ എത്തിക്കുന്ന ഹെൽത്ത് മാർക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരിയാണ്. യൂറോപ്പിൽ കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് വിമാനത്താവള സേവനങ്ങളിലായിരുന്നു ആദ്യം നിയമനം. പിന്നീട് സ്വാബിങ്, വാക്സിനേഷൻ കേന്ദ്രങ്ങളിൽ നഴ്സിങ് സംഘങ്ങളെ നയിച്ചു. തന്റെ കീഴിൽ പ്രവർത്തിച്ച 250ലധികം നഴ്സുമാരും മലയാളികളായിരുന്നുവെന്നത് അഭിമാനത്തോടെയാണ് ഗീതു ഓർക്കുന്നത്.
ഗീതുവിന്റെ കണക്കുകൾ പ്രകാരം മാൾട്ടയിൽ ഇന്ന് ഇന്ത്യയിൽ നിന്നുള്ള 1,200ലധികം നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 80 ശതമാനവും മലയാളികളാണ്. മാൾട്ടയുടെ പുതിയ ബജറ്റിലെ വ്യവസ്ഥകളെച്ചൊല്ലി യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർക്കിടയിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം ശ്രദ്ധേയമാകുന്നത്. സൗജന്യ ശിശുസംരക്ഷണം, പൊതുഗതാഗത ആനുകൂല്യങ്ങൾ എന്നിവ പിൻവലിച്ചതും ഡ്രൈവിങ് ലൈസൻസ് ഫീസ് വർധിപ്പിച്ചതും വിദേശ തൊഴിലാളികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങൾക്കിടയിൽ മലയാളിയായ ഒരു നഴ്സിന് ലഭിച്ച പ്രധാനമന്ത്രിയുടെ പരസ്യ അംഗീകാരം മാൾട്ടയിലെ ഇന്ത്യൻ സമൂഹത്തിന് വലിയ അഭിമാനമായി മാറുകയാണ്.
