പാലക്കാട്: പെരുങ്ങോട്ടുകുറിശിയിലെ ഇഷാൻ ജ്വല്ലറിയിൽ ജീവനക്കാർക്കുനേരെ വെടിയുതിർത്ത് 20 പവൻ സ്വർണം കവർന്ന നാലംഗ സംഘത്തിനായി അന്വേഷണം പഴനിയിലേക്ക് വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സംഘത്തിലുള്ളവർ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ജ്വല്ലറി ഉടമ കെ.വി. സനാദും ഭാര്യ വി. ദിവ്യയും രണ്ടു ജീവനക്കാരുമാണ് കടയിലുണ്ടായിരുന്നത്. ദിവ്യയും ജീവനക്കാരി ബബിതയും കൗണ്ടറിലിരിക്കെ മൂന്നുപേർ സ്വർണമാല ആവശ്യപ്പെട്ട് കടയിലെത്തി. മാല എടുക്കുന്നതിനിടെ സംഘം തോക്കെടുത്തു. രണ്ടുപേരുടെ കൈയിൽ കത്തിയുമുണ്ടായിരുന്നു. ഇതോടെ ബബിത സനാദിനെ വിളിക്കാനായി ഓടി. ദിവ്യ കസേരയെടുത്ത് മോഷ്ടാക്കളെ പ്രതിരോധിക്കാൻ ശ്രമിച്ചു.
സംശയം തോന്നിയതിനെത്തുടർന്നാണ് മോഷ്ടാക്കൾ തോക്കെടുത്തപ്പോൾ മറ്റുള്ളവരെ വിളിക്കാൻ ഓടിയതെന്ന് ബബിത പറഞ്ഞു. ഭയന്ന് മാറിനിന്നാൽ കൂടുതൽ സ്വർണം നഷ്ടപ്പെടുമായിരുന്നുവെന്നും 11 വർഷമായി ഏറെ കഷ്ടപ്പെട്ട് നടത്തുന്ന സ്ഥാപനമാണിതെന്നും ദിവ്യ പ്രതികരിച്ചു. ജ്വല്ലറിക്കു പിന്നിൽ ഭക്ഷണം കഴിക്കുകയായിരുന്ന തങ്ങളെ കണ്ടതോടെ മോഷ്ടാക്കൾ വെടിയുതിർത്തെന്നും സനാദ് പറഞ്ഞു.
