Home Keralaഗൺമാൻമാരുടെ മർദനം: ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപിക്കെതിരെ നടപടി വന്നേക്കും; അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എ.ഡി. തോമസ് എംഎൽഎ

ഗൺമാൻമാരുടെ മർദനം: ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപിക്കെതിരെ നടപടി വന്നേക്കും; അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എ.ഡി. തോമസ് എംഎൽഎ

by news_desk
0 comments

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ നവകേരള യാത്രയ്ക്കിടെയുണ്ടായ ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട്, പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി അട്ടിമറിക്കാൻ ഇടപെട്ട എഡിജിപിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ തന്നെ ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുൻപിൽ നിർണ്ണായക മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി നിർബന്ധപൂർവ്വം തിരുത്തിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഒൗദ്യോഗിക രേഖകളിൽ ഇത്തരത്തിൽ തിരുത്തലുകളും കൃത്രിമവും നടത്തിയത് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ആദ്യ അന്വേഷണത്തിലെ അട്ടിമറി സംബന്ധിച്ച് എസ്ഐടി വിശദമായ റിപ്പോർട്ട് തയാറാക്കും. ഒൗദ്യോഗിക രേഖകൾ തിരുത്താൻ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് അന്ന് മർദനത്തിനിരയായ ആലപ്പുഴ എംഎൽഎ എ.ഡി. തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനയിലെ സന്ദീപ് എന്നിവർ മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. എന്നാൽ, കൂടുതൽ പോലീസുകാർ ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ പേരെ പ്രതിചേർക്കാനാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ കേസിന്റെ ഇടക്കാല റിപ്പോർട്ട് കോടതിയിൽ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തിരുത്തലുകൾ വരുത്തിയ ആദ്യ റിപ്പോർട്ടും നിലവിൽ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.

കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയതുമായി ബന്ധപ്പെട്ട് എം.ആർ. അജിത് കുമാറിനോട് യുഡിഎഫ് സർക്കാരിന് വിശദീകരണം തേടാവുന്നതാണ്. ഈ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വ്യാജരേഖ ചമച്ചതുൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി എഡിജിപിക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. വരുന്ന ജൂലൈയിൽ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ഇരിക്കെയാണ് എം.ആർ. അജിത് കുമാറിനെതിരെ ഈ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുൻ പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏറ്റവും കൂടുതൽ കടന്നാക്രമിച്ച ഉദ്യോഗസ്ഥനായിരുന്നു അജിത് കുമാർ. പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ ഉദ്യോഗസ്ഥനെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും പോലീസ് വൃത്തങ്ങളിലും ഏറെ ഉറ്റുനോക്കപ്പെടുന്നുണ്ട്.

You may also like