ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായി ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തീരുമാനം. ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ നടപടി.
കഴിഞ്ഞ വർഷം ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിവാദങ്ങളും പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയ ആശങ്കകളും പരിഗണിച്ചാണ് ഇത്തവണ അതീവ ജാഗ്രതാ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പരീക്ഷയുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ മുൻകാലങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ കർശന പ്രോട്ടോക്കോളുകളാണ് നടപ്പാക്കുന്നതെന്ന് എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു.
തെലങ്കാനയിൽ ശനിയാഴ്ച നടന്ന പരീക്ഷാ തയ്യാറെടുപ്പ് അവലോകന യോഗത്തിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായാണ് ചോദ്യപേപ്പർ വിതരണത്തിനായി വ്യോമസേനയെ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നായ നീറ്റിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് തെലങ്കാന സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പരീക്ഷാ ചോദ്യപേപ്പറുകളുടെ ഗതാഗതം മുതൽ വിതരണവും സുരക്ഷാ മേൽനോട്ടവും വരെ എല്ലാ ഘട്ടങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
യോഗത്തിൽ പങ്കെടുത്ത തെലങ്കാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു, പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളും പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്നും പരീക്ഷാ ദിവസം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകളില്ലാത്ത സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നീറ്റ് പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് വ്യോമസേനയുടെ സഹായം തേടാനുള്ള എൻ.ടി.എയുടെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

