ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയോട് ആർഎസ്എസ് നേതൃത്വം നേരിട്ട് അതൃപ്തി അറിയിച്ചു. ജൂൺ 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ചമ്പത് റായിയെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയെയും കടുത്ത അതൃപ്തി അറിയിച്ചത്.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഹൊസബലേ ഇരുവരോടും തേടിയതായും, നിലവിലെ സാഹചര്യത്തിൽ പദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന് ബൈഠക്കിൽ പങ്കെടുത്ത ആർഎസ്എസ്, വിഎച്ച്പി നേതാക്കൾ ഇരുവരെയും അറിയിച്ചതായും വിവരമുണ്ട്.
അതേസമയം, ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടാനുള്ള നീക്കത്തെ വിഎച്ച്പി എതിർത്തു. ട്രസ്റ്റ് പിരിച്ചുവിടുന്നത് അംഗീകരിക്കില്ലെന്ന് വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പ്രതികരിച്ചു. ചില വ്യക്തികൾക്കെതിരെയാണ് ആരോപണങ്ങളുള്ളതെന്നും ട്രസ്റ്റിനെ മുഴുവൻ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിലെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്കും പരിശോധിക്കുന്നുണ്ട്. ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ആരോപണങ്ങളെ തുടർന്ന് ചമ്പത് റായിയും രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ രാജിയെക്കുറിച്ച് ചമ്പത് റായി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഭാവന തട്ടിപ്പ് കേസിൽ ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായവരിൽ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ക്ഷേത്രത്തിലെ കാണിക്കയിൽ നിന്ന് എണ്ണിയ പണം ബാങ്കിൽ നിക്ഷേപിക്കുന്ന ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മറ്റ് ആറുപേർ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാൾ ചമ്പത് റായിയുടെ ഡ്രൈവറായ ടിന്നു യാദവാണ്.
ബാങ്ക് ജീവനക്കാരനെ ഒഴികെ ബാക്കിയുള്ള ഏഴ് പേരിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.

