Home Internationalതായ്‌ലൻഡിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി തീപിടിച്ചു; 8 യാത്രക്കാർ കത്തിക്കരിഞ്ഞു മരിച്ചു, 32 പേർക്ക് പരിക്ക്

തായ്‌ലൻഡിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി തീപിടിച്ചു; 8 യാത്രക്കാർ കത്തിക്കരിഞ്ഞു മരിച്ചു, 32 പേർക്ക് പരിക്ക്

by news_desk
0 comments

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലെവൽ ക്രോസിംഗിൽ കുടുങ്ങിയ പൊതുഗതാഗത ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. മുപ്പത്തിരണ്ടിലധികം ആളുകൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള അസോക്ദിൻ ഡേങ് റോഡിൽ എയർപോർട്ട് റെയിൽ ലിങ്കിന്റെ മക്കസാൻ സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിംഗിൽ കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

കനത്ത ട്രാഫിക് ബ്ലോക്കിൽപ്പെട്ട് ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ബസ് കിടന്നതിനാൽ ക്രോസിംഗിന്റെ സുരക്ഷാ ബാരിയറുകൾ പൂർണ്ണമായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് തീവണ്ടി പാഞ്ഞടുക്കുകയും ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തത്. അപകടം ഒഴിവാക്കാൻ ആവശ്യമായ അകലത്തിൽ വെച്ച് ബ്രേക്ക് പ്രയോഗിക്കാൻ തീവണ്ടിക്ക് സാധിച്ചില്ലെന്ന് ഗതാഗത വകുപ്പ് സഹമന്ത്രി അറിയിച്ചു.

തീവണ്ടി ശക്തമായി വന്നിടിച്ചതോടെ ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് വലിയ രീതിയിൽ തീപടരുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനെ തീവണ്ടി ഏകദേശം 50 മീറ്ററോളം മുന്നോട്ട് വലിച്ചുകൊണ്ടുപോയി. ഇതോടെ ട്രാക്കിന് സമീപം ബ്ലോക്കിൽ കിടന്നിരുന്ന മറ്റ് കാറുകളിലേക്കും മോട്ടോർ സൈക്കിളുകളിലേക്കും തീ അതിവേഗം പടർന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ ഉടനടി സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്. ദുരന്തത്തെക്കുറിച്ച് തായ്‌ലൻഡ് പ്രധാനമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലെവൽ ക്രോസിംഗിലെ സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. സംഭവത്തിൽ തീവണ്ടി ഡ്രൈവർക്കെതിരെയും ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

You may also like