തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ വിവാദ പദ്ധതിയായ തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാവിധ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനങ്ങളും സർക്കാർ റദ്ദാക്കി. പദ്ധതിക്കെതിരെ സമരം ചെയ്ത ജനങ്ങൾക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ അടിയന്തരമായി സമർപ്പിക്കുമെന്നും, ജനവാസ മേഖലകളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് കർശന നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമ്പത്തികമായും പരിസ്ഥിതിപരമായും ഒട്ടും പ്രായോഗികമല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ പദ്ധതി വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിച്ചത്. യുഡിഎഫ് നിയോഗിച്ച പ്രത്യേക സബ് കമ്മിറ്റി വിഷയം വിശദമായി പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഔദ്യോഗിക നടപടി. സിൽവർ ലൈൻ റദ്ദാക്കിയെങ്കിലും സംസ്ഥാനത്തിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയിൽവേയുമായി സഹകരിച്ച് പ്രായോഗികമായ സ്പീഡ് കൊറിഡോർ, അതിവേഗ റെയിൽ ഇടനാഴി എന്നിവ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി യുഡിഎഫ് സർക്കാർ നടപ്പിലാക്കും. ഇതിന്റെ ആദ്യപടിയായി 100 ദിവസത്തെ കർമ്മ പദ്ധതി പ്രഖ്യാപിക്കും. ഇതിൽ അടിയന്തരമായി ചെയ്യേണ്ട വികസന കാര്യങ്ങളുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് നിന്നുള്ള പത്മ പുരസ്കാര ശുപാർശകൾ സമർപ്പിക്കുന്നതിനായി രാഷ്ട്രീയ അതിപ്രസരമില്ലാത്ത ഒരു പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

