പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്’ രൂപീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ടെക്നോളജി കൗൺസിലിലേക്ക് അദീബ് അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു.ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടറാണ് അദീബ് അഹമ്മദ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം, സാങ്കേതിക നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആഗോള നയരൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പ്രമുഖരുടെ കൂട്ടായ്മയാണ് ഈ കൗൺസിൽ. വിവിധ രാജ്യങ്ങളിലെ വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ധരുമാണ് അംഗങ്ങളായിരിക്കുന്നത്.
ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യകാല ബിസിനസ് നേതാക്കളിൽ ഒരാളായ അദീബ് അഹമ്മദിന്റെ സാന്നിധ്യം, എഐയും ഫിൻടെക്കും കേന്ദ്രീകരിച്ചുള്ള ഗൾഫ് രാജ്യങ്ങളുടെ വളർച്ചാ മാതൃക ആഗോള തലത്തിൽ അവതരിപ്പിക്കാൻ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ, സാങ്കേതിക നവീകരണം, അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ ഗൾഫ് രാജ്യങ്ങൾ കൈവരിക്കുന്ന മുന്നേറ്റങ്ങൾ ആഗോള ചർച്ചകളിൽ കൂടുതൽ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.

