Home International‘മോദിയുമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത്’; യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത്തിനെക്കുറിച്ച് കണ്ണീരോടെ കുടുംബം

‘മോദിയുമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത്’; യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത്തിനെക്കുറിച്ച് കണ്ണീരോടെ കുടുംബം

by news_desk1
0 comments

ദുബായ്/അഹമ്മദാബാദ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ കോപൈലറ്റിന്റെ ആക്രമണശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയിൽ അഭിമാനമെന്ന് കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്മിത് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോഴാണ് വലിയ ആശ്വാസമായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

സ്മിത്തിന്റെ തലയ്ക്കും കൈകൾക്കും പരുക്കേറ്റിട്ടുണ്ടെന്നും മികച്ച ചികിത്സയാണ് നൽകിവരുന്നതെന്നും ഭാര്യാപിതാവ് ജെയ്സുഖ് ജോഗി പറഞ്ഞു. വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. പൂർണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം മുഴുവൻ സ്മിത്തിനൊപ്പം നിൽക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും പ്രമുഖ നേതാക്കളടക്കം സ്മിത്തിന്റെ ധീരതയെ പ്രശംസിച്ചതായും ജെയ്സുഖ് ജോഗി പറഞ്ഞു.

വാർത്തകളിലൂടെയാണ് സംഭവമറിഞ്ഞതെന്ന് സ്മിത്തിന്റെ ഭാര്യാസഹോദരൻ അങ്കിത് ജോഗി പറഞ്ഞു. പിന്നീട് ദുബായിലുള്ള സഹോദരിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. സ്മിത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നറിഞ്ഞതോടെ വലിയൊരു ഭാരം ഇറക്കിവെച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വീരനായകനായി സ്മിത് തിരിച്ചെത്തുന്നതിനായി രാജ്യം കാത്തിരിക്കുകയാണെന്നും അങ്കിത് ജോഗി കൂട്ടിച്ചേർത്തു.

സ്മിത് മോദിയുമായി സംസാരിക്കുന്ന ടെലിവിഷൻ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് തങ്ങൾക്ക് സമാധാനമായതെന്ന് സ്മിത്തിന്റെ അമ്മാവൻ കിഷോർ മച്ചാറും അമ്മായി സോണാൽ മച്ചാറും പറഞ്ഞു. വളരെ ശാന്തനും ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുമാണ് സ്മിത്തെന്നും അവർ പറഞ്ഞു.

കഠിനമായ പരുക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും സ്മിത് വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

യാത്രക്കാരെയും വിമാനത്തെയും വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷിച്ച സ്മിത്തിന്റെ മനഃസാന്നിധ്യത്തിനും ധീരതയ്ക്കും ഗുജറാത്ത് സർക്കാർ ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മിത്തിന്റെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രശംസിച്ചിരുന്നു.

You may also like