Home Kerala‘വിമര്‍ശിച്ചാല്‍ അക്കൗണ്ട് പൂട്ടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല’; നിയന്ത്രണങ്ങള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി കേരളഘടകം

‘വിമര്‍ശിച്ചാല്‍ അക്കൗണ്ട് പൂട്ടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല’; നിയന്ത്രണങ്ങള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി കേരളഘടകം

by news_desk1
0 comments

കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരളഘടകത്തിലെ കണ്ടന്റ് ക്രിയേറ്റര്‍ ഫ്രെഡി വി ഫ്രാന്‍സിസ്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകാത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടി ആരുടേയും നിയന്ത്രണത്തിലുള്ള സംഘടിത മുന്നേറ്റമല്ലെന്നും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ യുവജനങ്ങളുടെ അഭിപ്രായ പ്രകടന വേദിയാണെന്നും ഫ്രെഡി വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ അക്കൗണ്ട് പിന്തുടരുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, സാമൂഹ്യമാധ്യമങ്ങള്‍ ആഗോള വേദിയാണെന്നും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകള്‍ക്ക് പിന്തുടരാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഭരണവിരുദ്ധ പ്രചാരണമല്ലെന്നും യുവജനങ്ങളുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് കരുതപ്പെടുന്ന യുവതലമുറയ്ക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും നയരൂപീകരണ ഉത്തരവാദിത്വമുള്ളവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമീപകാലത്ത് അക്കൗണ്ടുകള്‍ക്ക് പലതവണ നിയന്ത്രണം നേരിട്ടതായി ചൂണ്ടിക്കാട്ടിയ ഫ്രെഡി, അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന പ്രവണത ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു. ഏത് രാഷ്ട്രീയ നിലപാടിനെയും പിന്തുണയ്ക്കാനും പുതിയ രാഷ്ട്രീയ വേദികള്‍ രൂപീകരിക്കാനും ജനാധിപത്യത്തില്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന നടപടി വിവേകപൂര്‍വമല്ലെന്ന നിലപാടുമായി ശശി തരൂര്‍ എംപിയും രംഗത്തെത്തി. യുവജനങ്ങളുടെ അഭിപ്രായ പ്രകടനത്തിന് ജനാധിപത്യ സംവിധാനത്തില്‍ ഇടമുണ്ടാകണമെന്നും വിയോജിപ്പും ആക്ഷേപഹാസ്യവും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You may also like