തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്. തങ്ങളുടെ ആവശ്യം പരിഗണിച്ച് വ്യക്തമായ തീരുമാനം എടുക്കാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. ഉപനേതൃസ്ഥാനം ലഭിക്കാത്ത പക്ഷം വിഷമകരമായ രാഷ്ട്രീയ തീരുമാനം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന മുന്നറിയിപ്പും പാർട്ടി നേതൃത്വം നൽകുന്നുണ്ട്.
പുതിയ നിയമസഭയിൽ സിപിഎമ്മിന് 26 എംഎൽഎമാരും സിപിഐയ്ക്ക് എട്ട് എംഎൽഎമാരും ആർജെഡിക്ക് ഒരു എംഎൽഎയുമാണ് ഉള്ളത്. ആകെ 35 അംഗങ്ങളുള്ള പ്രതിപക്ഷ നിരയിൽ സിപിഐയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന ആവശ്യമാണ് സിപിഐ ഉയർത്തുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഈ ആവശ്യം സിപിഐ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും സിപിഎം ഇതുവരെ അനുകൂല പ്രതികരണം നൽകിയിട്ടില്ല. ഉപനേതൃസ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് സിപിഎം തയ്യാറാകാത്തതും സിപിഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും എൽഡിഎഫ് കൺവീനർ അത് തള്ളിക്കളഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത കാര്യത്തിലും സിപിഐയുമായി മുൻകൂർ കൂടിയാലോചന നടന്നില്ലെന്ന പരാതിയും പാർട്ടിക്കുണ്ട്. നിയമസഭ സമ്മേളനം ആരംഭിച്ചിട്ടും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഇതുവരെ ചേർന്നിട്ടില്ല. നന്ദിപ്രമേയ ചർച്ചകൾക്ക് മുമ്പ് യോഗം ചേരണമെങ്കിൽ ഉപനേതൃസ്ഥാനം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാണ് സിപിഐയുടെ ആവശ്യം.
അതേസമയം, ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യം അംഗീകരിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് സിപിഎം. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം ഇത്തരം പദവി ആവശ്യങ്ങൾ പരിഗണിക്കുന്നത് ഉചിതമല്ലെന്നാണ് സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ എൽഡിഎഫിനുള്ളിലെ ഭിന്നത കൂടുതൽ പ്രകടമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
സമീപകാലത്ത് വിവിധ വിഷയങ്ങളിൽ സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കവും മുന്നണിക്കുള്ളിലെ ബന്ധത്തിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുമോയെന്നതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

