Home Keralaകാസർകോട് യുവതിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ; ശരീരത്തിൽ മർദനത്തിന്റെ പുതിയ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

കാസർകോട് യുവതിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ; ശരീരത്തിൽ മർദനത്തിന്റെ പുതിയ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

by news_desk1
0 comments

കാസർകോട്: ഭർതൃവീട്ടിൽ 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കണ്ടെത്തിയ പാടുകൾ എല്ലാം അടുത്തകാലത്തുണ്ടായതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർതൃമാതാവിനെയും കേസിൽ പ്രതിചേർത്തതായി പൊലീസ് അറിയിച്ചു.

ചർലടുക്ക സ്വദേശിനിയായ സുഫൈദയാണ് ഭർതൃവീട്ടിൽവെച്ച് ആസിഡ് കുടിച്ച് മരിച്ചത്. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരികവുമായ പീഡനം ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് അന്വേഷണം തുടരുകയാണ്.

You may also like