ന്യൂഡൽഹി: സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ശശി തരൂർ എംപിക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. തരൂരിന്റെ പേരിൽ പ്രചരിക്കുന്ന ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കം ചെയ്യാൻ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് മിനി പുഷ്കർണയാണ് ഹർജി പരിഗണിച്ചത്.
പാക്കിസ്ഥാനെ പ്രകീർത്തിക്കുന്ന തരത്തിൽ തരൂർ സംസാരിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. തരൂരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്പ്ഫേക്ക് വീഡിയോകൾ വ്യക്തികളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും വലിയ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ബോളിവുഡ് താരങ്ങളും മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖരും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ വ്യക്തികളുടെ സ്വകാര്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി. തരൂരിനെതിരായ വ്യാജ പ്രചരണങ്ങൾ തടയാൻ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കുന്ന നടപടികൾ കോടതി നിരീക്ഷിക്കും.

