തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദനമേറ്റ ബാലൻ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജൂൺ 22-ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അമൽ മുഹമ്മദ് എന്ന 14 വയസ്സുകാരനാണ് പരാതിക്കാരൻ. കുട്ടിയെ രണ്ടാനച്ഛനായ ഷാജഹാൻ വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
നിലത്ത് വീണ കുട്ടിയുടെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ച് പരിക്കേൽപ്പിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയെ തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾ പ്രകാരവും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വട്ടിയൂർക്കാവ് എസ്.ഐ അഭിജിത്ത് ബി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

