കോഴിക്കോട്: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവൻ സ്വർണാഭരണങ്ങൾ അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായ കുടുംബത്തിന് ഒടുവിൽ സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കുശേഷം ആഭരണങ്ങൾ തിരിച്ചുകിട്ടി. മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസിന്റെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലുമാണ് കുടുംബത്തിന് തുണയായത്.
കഴിഞ്ഞ മാസം 25-നാണ് സംഭവത്തിനാസ്പദമായ സംഭവം നടന്നത്. മലപ്പുറത്തുനിന്ന് സ്ഥിരമായി കോഴിക്കോട് നഗരത്തിലെത്തി ആക്രി ശേഖരിക്കുന്ന അനീസ് ചുങ്കത്തുള്ള വീട്ടിലെത്തുകയായിരുന്നു. വിദേശത്തുനിന്നെത്തിയ മകൾ രാധിക മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. അമ്മ രേവ സ്ഥലത്തില്ലാതിരുന്നതിനാൽ പഴയ പെട്ടികളും കാർഡ്ബോർഡ് പെട്ടികളും മുറ്റത്തുണ്ടായിരുന്ന പഴയ സ്കൂട്ടറും മകൾ ആക്രിക്കാരന് നൽകി.
ഇന്നലെ വീട്ടിലെത്തിയ രേവ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടി കാണാതായതിനെ തുടർന്ന് മകളോട് അന്വേഷിച്ചപ്പോഴാണ് പഴയ പെട്ടികൾ ആക്രിക്കാരന് നൽകിയ വിവരവും അതിനുള്ളിലായിരുന്നു സ്വർണമെന്ന കാര്യവും മകൾ അറിയുന്നത്. തുടർന്ന് പരിഭ്രാന്തരായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആക്രി ശേഖരിച്ചശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസിൽ നിർണായക വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് അനീസിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ശേഖരിച്ച ആക്രിസാധനങ്ങൾ മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടെയാണ് പെട്ടിയിൽനിന്ന് സ്വർണാഭരണങ്ങൾ ലഭിച്ചതെന്ന് അനീസ് പൊലീസിന് മൊഴി നൽകി.
ആദ്യം ആഭരണങ്ങൾ മുക്കുപണ്ടമാണെന്നാണ് കരുതിയതെന്നും പിന്നീട് ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർഥ സ്വർണമാണെന്ന് തിരിച്ചറിഞ്ഞതെന്നും അനീസ് പറഞ്ഞു. ദിവസവും നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ആഭരണങ്ങൾ ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ, താൻ നൽകിയ വിസിറ്റിംഗ് കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നുവെന്നും അനീസ് വ്യക്തമാക്കി.
തുടർന്ന് നടക്കാവ് എസ്.ഐ ധനേഷ് കുമാറും എസ്.സി.പി.ഒ കെ. രഞ്ജിത്തും അനീസും ചേർന്ന് മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമകൾക്ക് കൈമാറി. ആക്രി ശേഖരിക്കുന്നതിനൊപ്പം ഫോൺ നമ്പർ ഉൾപ്പെട്ട വിസിറ്റിംഗ് കാർഡ് വിതരണം ചെയ്യുന്ന അനീസിന്റെ നല്ല ശീലത്തെ പൊലീസ് അഭിനന്ദിച്ചു.
പൊലീസിന്റെ കൃത്യമായ ഇടപെടലും അനീസിന്റെ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന പത്തര പവൻ സ്വർണമാണ് കുടുംബത്തിന് തിരികെ ലഭിച്ചത്.
