കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് പുനര്‍നിര്‍മിക്കപ്പെട്ട ചിത്രങ്ങളിലൊന്നായ ദൃശ്യം വീണ്ടും ഒരു വിദേശഭാഷയിലേക്ക് എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 2013ലെ ചിത്രത്തിന്റെ ഇന്തോനേഷ്യന്‍ റീമേക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇന്തോനേഷ്യന്‍ ഭാഷയില്‍ പുനര്‍നിര്‍മിക്കപ്പെടുന്നത്.
‘അയ, അകു മൗ സെരിറ്റ’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. “അച്ഛാ, എനിക്ക് പറയാനുണ്ട്” എന്നതാണ് പേരിന്റെ അര്‍ഥം. ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളിലെത്തും.
മലയാളത്തില്‍ ജോര്‍ജുകുട്ടിയും ഗീതാ പ്രഭാകറും തമ്മിലുള്ള സംഘര്‍ഷമാണ് കഥയുടെ പ്രധാന അച്ചുതണ്ട്. ഇന്തോനേഷ്യന്‍ പതിപ്പില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് യഥാര്‍ഥ ജീവിതത്തിലും ദമ്പതികളായ വിനോ ജി ബാസ്റ്റ്യനും മാര്‍ഷ തിമോത്തിയുമാണ്. ഇത് റീമേക്കിന്റെ മറ്റൊരു പ്രത്യേകതയായി മാറിയിരിക്കുകയാണ്.
ഇന്തോനേഷ്യന്‍ സിനിമാരംഗത്ത് ശ്രദ്ധേയനായ വിനോ ജി ബാസ്റ്റ്യന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മാര്‍ഷ തിമോത്തി അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തും.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ഡാനിയല്‍ റിഫ്കിയാണ്. ഇന്തോനേഷ്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ഫാല്‍ക്കണ്‍ പിക്ചേഴ്സാണ് നിര്‍മാണം.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്കുള്ള വിജയകരമായ പുനര്‍നിര്‍മാണങ്ങള്‍ക്ക് പിന്നാലെ ദൃശ്യം മറ്റൊരു രാജ്യത്തും ഭാഷാതടസ്സങ്ങള്‍ മറികടന്ന് എത്തുമ്പോള്‍, മലയാള സിനിമയുടെ ആഗോള സ്വീകാര്യതയ്ക്ക് ഇത് വീണ്ടും അടിവരയിടുകയാണ്.

