ന്യൂഡൽഹി: അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെ നടത്താൻ ആലോചന. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്താനാണ് സാധ്യത.
2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്കാണ് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിവരശേഖരണവും തെരഞ്ഞെടുപ്പ് ഡ്യൂട്ടികളും ഒരേ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തേണ്ടി വരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ആലോചന.
ഈ വർഷം അവസാന മാസങ്ങളോടെ പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് സാധ്യത. മണിപ്പൂരിലെ നിലവിലെ സംഘർഷ സാഹചര്യം പരിഗണിച്ച് അവിടെ മറ്റൊരു തീയതി നിശ്ചയിച്ച് പ്രത്യേകം തെരഞ്ഞെടുപ്പ് നടത്തും.
ഇതു സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആശയവിനിമയം നടത്തുമെന്നാണ് വിവരം.

