Home Keralaഇന്ധനവില ഉയരുന്നു, പഴയ നിരക്കിൽ ഓടാനാകില്ല; മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യം ശക്തമാക്കി ഓട്ടോ തൊഴിലാളികൾ

ഇന്ധനവില ഉയരുന്നു, പഴയ നിരക്കിൽ ഓടാനാകില്ല; മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യം ശക്തമാക്കി ഓട്ടോ തൊഴിലാളികൾ

by news_desk1
0 comments

തിരുവനന്തപുരം: മിനിമം ഓട്ടോറിക്ഷാ ചാർജ് 50 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ നിരക്കും ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന്റെ ഭാഗമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റുകളിലേക്കുള്ള മാർച്ചും സംഘടിപ്പിക്കും.

നിലവിലെ നിരക്കിൽ ഓട്ടം തുടരുന്നത് പ്രയാസകരമാണെന്നും, അവസാനമായി ചാർജ് വർധിപ്പിച്ചത് നാല് വർഷങ്ങൾക്ക് മുമ്പാണെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. സർക്കാർ തങ്ങളുടെ പ്രശ്നങ്ങളും പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി തങ്ങളുടെ വരുമാനത്തെ ബാധിച്ചുവെന്നും ചില ഓട്ടോ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ചാർജ് വർധനവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും തൊഴിലാളികൾ അറിയിച്ചു.

You may also like