കൊച്ചി: കനത്ത ചൂട് മൂലം എറണാകുളം പഴങ്ങനാട്ട് പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. സമരിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള പാർക്കിംഗ് സ്ഥലത്താണ് സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാർ സമയോചിതമായി ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.
സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെ കുറിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യമാണ് തുടരുന്നത്.
സംസ്ഥാനമാകെ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രത്യേകിച്ച് പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കൊല്ലം ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അവിടെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

