തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്. വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.
കോഴിക്കോട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.
കൊങ്കൺ തീരത്തിന് സമീപം മധ്യകിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ശക്തമായ ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ഇത്രത്തോളം കടുക്കാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

