കൊച്ചി: നെടുമ്പാശ്ശേരിയിൽ താഴ്ന്ന് പറന്ന വിമാനത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നുവീണ് ഗൃഹനാഥന് പരിക്കേറ്റതായി പരാതി. ശാന്തിനഗർ സ്വദേശിയായ കാട്ടുപ്പറമ്പിൽ സൈമൺ കെ.ജെയുടെ വീടിലാണ് സംഭവം ഉണ്ടായത്.
ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. വിമാനത്താവളത്തിലേക്ക് ഇറങ്ങാനായി എത്തിയ വിമാനം വളരെ താഴ്ന്ന് പറന്നതിനെ തുടർന്ന് ശക്തമായ കാറ്റ് രൂപപ്പെടുകയും വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോകുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. അപകടസമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. മേൽക്കൂരയിൽ നിന്ന് വീണ ഓടുകൾ തട്ടി സൈമണിന്റെ തോളിന് പരിക്കേറ്റതായി കുടുംബം അറിയിച്ചു.
സംഭവം വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.
ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സമീപ പ്രദേശത്തെ ഒരു വീട്ടിന്റെ മേൽക്കൂരയിലെ നിരവധി ഓടുകൾ വിമാനത്തിന്റെ താഴ്ന്ന പറക്കലിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ തകർന്നുവീണതായി പരാതി ഉയർന്നിരുന്നു. അന്ന് ഏകദേശം 150 ഓടുകൾ പൊട്ടി നശിക്കുകയും ഗണ്യമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾ സമീപ പ്രദേശങ്ങൾക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്നത് പതിവാണെന്നും, ഇതുമൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

