Home Internationalയുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം; ജോർദാനിലും ബഹ്‌റൈനിലും മിസൈൽ വർഷം, കുവൈറ്റിൽ അപായ സൈറൺ

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം; ജോർദാനിലും ബഹ്‌റൈനിലും മിസൈൽ വർഷം, കുവൈറ്റിൽ അപായ സൈറൺ

by news_desk
0 comments

തെൽ അവീവ്: തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ വൻ പ്രത്യാക്രമണം. ജോർദാനിലെയും ബഹ്‌റൈനിലെയും പ്രധാന യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ തൊടുത്ത ദീർഘദൂര ഖര ഇന്ധന മിസൈലുകൾ ജോർദാനിലെ ‘അൽ അസ്‌റഖ്’ യുഎസ് സൈനിക താവളത്തിലാണ് പതിച്ചത്. ഇതിനുപുറമേ ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ കരുത്തായ ‘ഫിഫ്ത് ഫ്ലീറ്റിന്’ നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്.

ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെ തുടർന്ന് കുവൈറ്റിൽ ഉടനീളം യുദ്ധകാലാടിസ്ഥാനത്തിൽ അപായ സൈറണുകൾ മുഴങ്ങി. വ്യോമാക്രമണ സാധ്യത മുന്നിൽക്കണ്ട് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കുവൈറ്റ് അധികൃതർ ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യ പൂർണ്ണ തോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് വെച്ച് യുഎസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പ്രതികാരമായി അമേരിക്ക നടത്തിയ വ്യോമാക്രമണമാണ് ഇപ്പോഴത്തെ കടുത്ത തിരിച്ചടിക്ക് ഇറാനെ പ്രേരിപ്പിച്ചത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് പ്രതിരോധ നടപടി മാത്രമാണെന്നായിരുന്നു യുഎസ് വാദം. ഇറാന്റെ ഹോർമൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ-റഡാർ സംവിധാനങ്ങൾക്ക് നേരെയും തുറമുഖ നഗരമായ സിറിക്, ബന്ദാർ അബ്ബാസ്, ഖ്വേഷം ഐലൻഡ് എന്നിവിടങ്ങളിലുമായിരുന്നു യുഎസ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിൽ മേഖലയിലെ പ്രധാനപ്പെട്ട രണ്ട് ജലസംഭരണികൾ തകരുകയും കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.

തങ്ങൾ നടത്തിയത് വളരെ ശക്തമായ ആക്രമണമാണെന്നും തങ്ങളുടെ ഹെലികോപ്റ്റർ തകർത്തവർക്കുള്ള വ്യക്തമായ മറുപടിയാണിതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ, അമേരിക്കയുടെ ഒരു നീക്കവും മറുപടിയില്ലാതെ പോകില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലുകളുമായി ഇറാൻ രംഗത്തിറങ്ങിയത്. വൻശക്തികളുടെ ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

You may also like