Home Sportsറഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള ബന്ധം: ഇറ്റാലിയൻ ടീം പരിശീലകസ്ഥാനത്ത് നിന്ന് ആന്ദ്രെ പിർലോയെ ഒഴിവാക്കി

റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള ബന്ധം: ഇറ്റാലിയൻ ടീം പരിശീലകസ്ഥാനത്ത് നിന്ന് ആന്ദ്രെ പിർലോയെ ഒഴിവാക്കി

by news_desk
0 comments

റോം: ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാകാനുള്ള മുൻ ലോകകപ്പ് താരം ആന്ദ്രെ പിർലോയുടെ മോഹങ്ങൾക്ക് തിരിച്ചടി. റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള സഹകരണത്തെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയർന്നതോടെ പിർലോയെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കി. ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പിർലോ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ പരിഗണിക്കില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി 2006-ലെ ലോകകപ്പ് ജേതാവ് കൂടിയായ പിർലോ വ്യക്തമാക്കി.

യു.എ.ഇ ക്ലബ്ബായ ദുബായ് യുണൈറ്റഡിന്റെ പരിശീലകനായിരിക്കെയാണ് റഷ്യൻ ബുക്ക്‌മേക്കിംഗ് സ്ഥാപനമായ ‘ഫോൺബെറ്റിന്റെ’ (Fonbet) ഗ്ലോബൽ അംബാസഡറായി പിർലോ കരാറൊപ്പിടുന്നത്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ ഇറ്റലി കടുത്ത അന്താരാഷ്ട്ര നിലപാടുകൾ സ്വീകരിക്കുന്നതിനിടെ, ഈ വർഷം മോസ്കോയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ സഹതാരം മാർക്കോ മാറ്റെരാസിക്കൊപ്പം പിർലോ പങ്കെടുത്തത് ഇറ്റലിയിൽ വൻ വിവാദമായിരുന്നു. റഷ്യൻ കമ്പനിയെ പ്രതിനിധീകരിക്കുന്ന ഒരാളെ ദേശീയ ടീമിന്റെ പരിശീലകനാക്കുന്നത് രാജ്യത്തിന്റെ വിദേശകാര്യ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിലെ വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തുകയായിരുന്നു.

അതേസമയം, ഉയർന്നു വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പിർലോയും രംഗത്തെത്തി. കരാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കേവലം കായിക-വാണിജ്യപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം വാദിച്ചു.

“യു.എ.ഇയിലെ എന്റെ കായിക ജീവിതത്തിന്റെ ഭാഗമായാണ് ഈ സഹകരണമുണ്ടായത്. ഇതിന് രാഷ്ട്രീയമാനം നൽകുന്നത് ഞാൻ ഒരിക്കലും വിശ്വസിക്കാത്ത കാര്യങ്ങൾ എനിക്കുമേൽ അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്. ഒരു കായിക തീരുമാനത്തിൽ ഇത്തരം വിവാദങ്ങൾ കലർന്നതിൽ വലിയ നിരാശയുണ്ട്,” – പിർലോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

തുടർച്ചയായി മൂന്നാമത്തെ ഫിഫ ലോകകപ്പിനും യോഗ്യത നേടാനാവാതെ ഇറ്റലി കടുത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് പുതിയ പരിശീലകനായുള്ള തിരച്ചിൽ സജീവമായത്. ലോകകപ്പ് യോഗ്യതാ പ്ലേ-ഓഫിൽ ബോസ്നിയയോട് തോറ്റതിനെത്തുടർന്ന് നിലവിലെ പരിശീലകൻ ഗെന്നാരോ ഗറ്റൂസോ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി, മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള എന്നിവരെ സമീപിച്ചെങ്കിലും അവർ ഓഫർ നിരസിക്കുകയാണുണ്ടായത്.

മുൻ യുവന്റസ്, സാംപ്ഡോറിയ പരിശീലകനായിരുന്ന പിർലോയും മത്സരരംഗത്ത് നിന്ന് പുറത്തായതോടെ, ഇറ്റാലിയൻ ഫുട്ബോളിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ മുൻ പരിശീലകരായ റോബർട്ടോ മാൻസിനി, അന്റോണിയോ കോണ്ടെ എന്നിവരിലേക്ക് ഫെഡറേഷൻ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

You may also like