നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് പ്രകടമായിരുന്നുവെന്ന് തോന്നുന്നുവെന്നും ഒരു തരംഗം ഉണ്ടാകുമ്പോൾ ഇത്തരം ഫലങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരിച്ച സ്ഥാനാർഥികളായ മാണി സി. കാപ്പനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ വിജയിച്ചവർക്കും അഭിനന്ദനങ്ങൾ നേർന്നു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പാർട്ടിക്കുള്ളിൽ വിശദമായ വിലയിരുത്തൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 മണ്ഡലങ്ങളിലും ഒരു സീറ്റിൽ പോലും ലീഡ് നേടാനോ വിജയം കൈവരിക്കാനോ കഴിഞ്ഞില്ല. പാർട്ടിയുടെ ശക്തികേന്ദ്രമായ പാലായിൽ തന്നെ ജോസ് കെ. മാണിക്ക് കനത്ത പരാജയം നേരിടേണ്ടിവന്നു. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ചീഫ് വിപ്പായിരുന്ന എൻ. ജയരാജും പരാജയപ്പെട്ടു.
പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവി രാഷ്ട്രീയ നിലപാടുകൾ എന്താകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും എൽഡിഎഫിനൊപ്പം തുടരുമെന്ന നിലപാടിലാണ് പാർട്ടി നിന്നത്. ഇപ്പോഴത്തെ പരാജയത്തിന് കാരണമായ ഘടകങ്ങൾ എന്തൊക്കെയെന്ന് പാർട്ടി വിശദമായി പരിശോധിക്കുമെന്നാണ് സൂചന.

