Home Keralaജലദൗർലഭ്യമുള്ള ഗ്രാമത്തിൽ നിന്ന് ജലസംരക്ഷണ ഗവേഷണത്തിലേക്ക്; എം.ജി. രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ്

ജലദൗർലഭ്യമുള്ള ഗ്രാമത്തിൽ നിന്ന് ജലസംരക്ഷണ ഗവേഷണത്തിലേക്ക്; എം.ജി. രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ്

by news_desk1
0 comments

കൊച്ചി: ജലം കിട്ടാക്കനിയായ ഗ്രാമത്തിൽ ജനിച്ചുവളർന്ന്, പിന്നീട് ജലസമൃദ്ധമായ കേരളത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ജി. രാജമാണിക്യം ജലസംരക്ഷണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി. കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ആണ് ഗവേഷണത്തിന് ഡോക്ടറേറ്റ് നൽകിയത്. ഇതോടെ എം.ജി. രാജമാണിക്യം ഔദ്യോഗികമായി ഡോക്ടർ എം.ജി. രാജമാണിക്യം ഐഎഎസ് ആയി.

സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഗവേഷണ പ്രബന്ധം ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈമാറി. കുട്ടിക്കാലത്ത് വെള്ളത്തിനായി അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ജലവിഭവ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്ക് തന്നെ നയിച്ചതെന്ന് രാജമാണിക്യം പറഞ്ഞു.

ജലം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഗ്രാമത്തിൽ വളർന്ന രാജമാണിക്യം ജലസമൃദ്ധമായ കേരളത്തിലെത്തിയപ്പോഴാണ് ജലസംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തണമെന്ന ആശയം മനസിൽ രൂപപ്പെട്ടത്. എറണാകുളം ജില്ലാ കളക്ടറായിരിക്കെ ജനകീയ കൂട്ടായ്മയിലൂടെ ജലാശയങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങളോടെയാണ് ജലസംരക്ഷണ രംഗത്തെ ഇടപെടൽ ആരംഭിച്ചത്.

2014ൽ എറണാകുളം കളക്ടറായിരിക്കെ നടപ്പാക്കിയ ‘എന്റെ കുളം എറണാകുളം’ പദ്ധതിയാണ് ഗവേഷണത്തിലെ പ്രധാന വഴിത്തിരിവായത്. കുസാറ്റിലെ മറൈൻ സയൻസ് ആൻഡ് കെമിക്കൽ ഓഷ്യാനോഗ്രഫി വിഭാഗം മുൻ മേധാവി ഡോ. ചന്ദ്രമോഹനകുമാറായിരുന്നു ഗവേഷണ ഗൈഡ്. അസിസ്റ്റന്റ് പ്രൊഫസർ സി.എസ്. രതീഷ് കുമാർ കോഗൈഡായി.

ആദ്യഘട്ടത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരമായിരുന്നു ഗവേഷണ വിഷയം. പിന്നീട് ഗവേഷണം ജലനയത്തിലേക്കും ജലവിഭവ മാനേജ്മെന്റിലേക്കും വ്യാപിപ്പിച്ചു. പ്രളയത്തിന് ശേഷം ഗവേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നുവെന്ന് രാജമാണിക്യം പറഞ്ഞു.

നിലവിൽ കെഎസ്ഇബി ചെയർമാനും പരിസ്ഥിതി സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന രാജമാണിക്യം വെള്ളത്തിന്റെ വില ഏറ്റവും അടുത്തറിഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥരിലൊരാളാണ്.

ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം ലഭിച്ച തലപ്പാവ് അമ്മയ്ക്കും സർട്ടിഫിക്കറ്റ് ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ നിശാന്തിനിക്കും കൈമാറിയാണ് ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷം രാജമാണിക്യം പങ്കുവെച്ചത്.

You may also like