വടകര: വടകര മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം തവണയും വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ. ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാക്കി ശക്തമായ വിജയം സ്വന്തമാക്കിയതാണ് ശ്രദ്ധേയം.
കെ.കെ. രമ 70,117 വോട്ടുകൾ നേടി 14,862 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.കെ. ഭാസ്കരൻ 55,255 വോട്ടുകൾ നേടി രണ്ടാമതെത്തി. ബിജെപി സ്ഥാനാർഥി അഡ്വ. കെ. ദിലീപിന് 14,295 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രമയുടെ വിജയം.
അക്രമരഹിത രാഷ്ട്രീയവും വികസനവും മുൻനിർത്തിയാണ് രമ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഭർത്താവായ ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന നീതിപോരാട്ടത്തിന്റെ തുടർച്ചയായാണ് ഈ വിജയം കാണുന്നതെന്നും രമ പ്രതികരിച്ചു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വടകരയിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റം കണ്ടിരുന്നു. “കൊല്ലാനേ കഴിഞ്ഞുള്ളൂ, തോൽപ്പിക്കാനായില്ല” എന്ന തന്റെ പഴയ പ്രതികരണത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് രമ വിജയം വിലയിരുത്തിയത്.
മെയ് 4 എന്ന ദിനത്തിൽ തന്നെ വിജയം ഉറപ്പിച്ചതും ശ്രദ്ധേയമാണ്. ടിപിയുടെ ഓർമ്മകളോട് ചേർന്ന ദിനത്തിൽ ലഭിച്ച ഈ വിജയം പ്രത്യേകതയുള്ളതാണെന്നും രമ പറഞ്ഞു.
ഇതോടെ, ഇടതുകോട്ടയായി കണക്കാക്കപ്പെട്ട മണ്ഡലത്തിൽ വീണ്ടും ജനവിധി യുഡിഎഫിന് അനുകൂലമായി മാറിയതായി വിലയിരുത്തപ്പെടുന്നു.

