Home Internationalചൈനയിൽ പടക്കശാല സ്ഫോടനം: 21 മരണം, 61 പേർക്ക് പരിക്ക്; കെട്ടിടങ്ങൾ തകർന്നു

ചൈനയിൽ പടക്കശാല സ്ഫോടനം: 21 മരണം, 61 പേർക്ക് പരിക്ക്; കെട്ടിടങ്ങൾ തകർന്നു

by news_desk1
0 comments

ബീജിംഗ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു; 61 പേർക്ക് പരിക്കേറ്റു. ലിയുയാങ് നഗരത്തിലുള്ള ‘ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്’ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം അപകടം സംഭവിച്ചത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നുവീണു. അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറിപ്പോയതോടെ സമീപത്തെ മൂന്ന് കിലോമീറ്റർ പരിധിയിലെ ആളുകളെ ഒഴിപ്പിച്ചു.

ഏകദേശം 500ഓളം രക്ഷാപ്രവർത്തകരും അഗ്നിശമനസേനാംഗങ്ങളും മെഡിക്കൽ സംഘങ്ങളും സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ദുരന്തത്തെ തുടർന്ന് ഷി ജിൻപിങ് അന്വേഷണം നടത്താൻ ഉത്തരവിട്ടു. കാണാതായവരെ കണ്ടെത്താനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിർദേശം നൽകി. വ്യവസായശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പടക്ക നിർമ്മാണ കേന്ദ്രമായി അറിയപ്പെടുന്ന ലിയുയാങിൽ സുരക്ഷാ വീഴ്ചകൾ കാരണം ഇത്തരം അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

You may also like