Home Keralaഇനി എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം; നിർണായക തീരുമാനവുമായി സർക്കാർ

ഇനി എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം; നിർണായക തീരുമാനവുമായി സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: നിയമപഠനം ആഗ്രഹിക്കുന്ന മലയാളി വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. വരുന്ന അധ്യയനവർഷം മുതൽ കേരളത്തിലെ എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ അവസരമൊരുങ്ങുന്നു. പ്രവേശന പരീക്ഷ ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചും മാതൃഭാഷയിൽ പഠനാവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായുമാണ് തീരുമാനം. മലയാളം ഐക്യവേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, പ്രവേശന പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടി ലഭ്യമാക്കണമെന്ന നിർദേശം മന്ത്രി മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്.

ചോദ്യപേപ്പർ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനൽ രൂപീകരിക്കുക, ആധുനിക സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. വിവർത്തനത്തിലെ പിഴവുകൾ ഒഴിവാക്കി കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുകയാണ് ലക്ഷ്യം.

മലയാളം, ഇംഗ്ലീഷ് ചോദ്യങ്ങൾ തമ്മിൽ അർത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യത്തിനായിരിക്കും അന്തിമ പരിഗണന. ഇക്കാര്യം പരീക്ഷയുടെ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.

മാതൃഭാഷയിൽ ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കി ഉത്തരങ്ങൾ നൽകാൻ കഴിയുന്നതിലൂടെ നിയമപഠനത്തിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യമൊരുങ്ങും. പരീക്ഷയുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ട് കൂടുതൽ വിദ്യാർഥിസൗഹൃദമാക്കുകയാണ് ദ്വിഭാഷാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

You may also like