മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഗോവിന്ദ് രാജിനെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം എസ്‌പിയാണ് നടപടി സ്വീകരിച്ചത്.
കരിപ്പൂരിൽ 40 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെയും കൊണ്ടോട്ടി എഎസ്‌പിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗോവിന്ദ് രാജിനെതിരെ തുടർ വകുപ്പ് നടപടികളും ഉണ്ടാകുമെന്ന് മലപ്പുറം എസ്‌പി അറിയിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ധനേഷിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
ലഹരിമാഫിയയുമായി പൊലീസുകാർക്ക് ബന്ധമുണ്ടെന്ന കണ്ടെത്തൽ പുറത്തുവന്നതോടെ വകുപ്പിനകത്ത് വലിയ ചർച്ചകൾക്കും സംഭവം വഴിവെച്ചിട്ടുണ്ട്.

