Home Localഗൃഹനാഥനെ കെട്ടിയിട്ട് വൻകവർച്ച; 40 പവൻ സ്വർണവും 50,000 രൂപയും കവർന്ന് രക്ഷപ്പെട്ടു, സംഭവം മണ്ണുത്തിയിൽ

ഗൃഹനാഥനെ കെട്ടിയിട്ട് വൻകവർച്ച; 40 പവൻ സ്വർണവും 50,000 രൂപയും കവർന്ന് രക്ഷപ്പെട്ടു, സംഭവം മണ്ണുത്തിയിൽ

by news_desk1
0 comments

തൃശ്ശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ വീടുകയറി നടത്തിയ ആസൂത്രിത കവർച്ചയിൽ 40 പവൻ സ്വർണവും 50,000 രൂപയും നഷ്ടമായതായി പരാതി.

ഒല്ലൂക്കരയിലെ ഡോൺ ബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ഹിന്ദി സംസാരിക്കുന്ന മൂന്ന് അംഗ സംഘം വീടിന്റെ പിൻവശത്തെ ഗ്രിൽ തകർത്തു അകത്ത് കടന്നത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന സോമശേഖരനെ കീഴ്പ്പെടുത്തി കൈകൾ തുണി ഉപയോഗിച്ച് കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.

പ്രതികൾ വീട്ടിലെ അലമാരകളും മറ്റ് സൂക്ഷിപ്പിടങ്ങളും പരിശോധിച്ച് രണ്ടര പവൻ തൂക്കം വരുന്ന മാല, അഞ്ച് പവന്റെ മോതിരം, ഭാര്യയുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ ഉൾപ്പെടെ ഏകദേശം 40 പവൻ സ്വർണവും 50,000 രൂപയും കവർന്നതായാണ് വിവരം. സംഭവസമയത്ത് സോമശേഖരന്റെ ഭാര്യ ബന്ധുവീട്ടിലും മരുമകൾ സ്വന്തം വീട്ടിലുമായിരുന്നു.

കവർച്ചയ്ക്കിടെ പ്രതികളിൽ ഒരാൾ തന്നെ മർദിച്ചതായും സോമശേഖരൻ പൊലീസിനോട് പറഞ്ഞു. മോഷ്ടാക്കൾ രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ച ശേഷമാണ് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചത്.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് മണ്ണുത്തി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതികളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ്. കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും വീട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.

തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മോഷണ സംഭവങ്ങൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

You may also like