Home Sports‘ടെസ്റ്റും എന്റെ സ്വപ്നം’; മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് വൈഭവ് സൂര്യവംശി

‘ടെസ്റ്റും എന്റെ സ്വപ്നം’; മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് വൈഭവ് സൂര്യവംശി

by news_desk1
0 comments

മുംബൈ: താൻ ടി20 ക്രിക്കറ്റിന് മാത്രം അനുയോജ്യനായ താരമല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശി. ടെസ്റ്റ് ഉൾപ്പെടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് 15കാരൻ പറഞ്ഞു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ ശ്രദ്ധേയ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയ വൈഭവ്, അയർലൻഡ്-ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതോടെയാണ് കൂടുതൽ ചർച്ചയായത്. രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറുമായി നടത്തിയ അഭിമുഖത്തിലാണ് ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് താരം മനസുതുറന്നത്.

ടി20യിലെ ആക്രമണാത്മക ബാറ്റിംഗ് ശൈലി കണ്ട് തന്നെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്ക് മാത്രം ഒതുക്കരുതെന്ന് വൈഭവ് പറഞ്ഞു. റെഡ് ബോൾ ക്രിക്കറ്റിനായി സ്ഥിരമായി പരിശീലനം നടത്തുന്നുണ്ടെന്നും സംസ്ഥാന ടീമിനായി ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഓരോ ഫോർമാറ്റിനും വ്യത്യസ്ത ആവശ്യങ്ങളാണുള്ളത്. മത്സര സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാൻ എനിക്ക് കഴിയും. ടെസ്റ്റ് മത്സരത്തിൽ ക്ഷമയും ഏകാഗ്രതയും ആവശ്യമായാൽ അതിനനുസരിച്ച് കളിക്കും. ഏകദിനത്തിലും ടി20യിലും അതത് ഫോർമാറ്റിന്റെ ആവശ്യകതകൾ നിറവേറ്റാനാണ് ശ്രമിക്കുക. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിക്കുകയാണ് എന്റെ സ്വപ്നം,” വൈഭവ് പറഞ്ഞു.

ടി20 ക്രിക്കറ്റിലൂടെയാണ് വൈഭവ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെങ്കിലും റെഡ് ബോൾ ക്രിക്കറ്റിലും ഇതിനോടകം തന്നെ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2023-24 സീസണിൽ വെറും 12-ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായി മാറി.

2024-ൽ ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരെ വെറും 58 പന്തിൽ സെഞ്ച്വറി നേടി യൂത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും സ്വന്തമാക്കി. തുടർന്ന് 2025-ൽ ബ്രിസ്ബേനിൽ നടന്ന മത്സരത്തിൽ 86 പന്തിൽ 113 റൺസ് നേടി വീണ്ടും സെഞ്ച്വറി കുറിച്ചു. ഇതോടെ 15 വയസിന് മുമ്പ് രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന അപൂർവ നേട്ടവും വൈഭവ് സ്വന്തമാക്കി.

വൈഭവിന്റെ കഴിവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങളായ ആർ. അശ്വിൻ, ചേതേശ്വർ പൂജാര, ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഡെയിൽ സ്റ്റെയ്ൻ എന്നിവർ രംഗത്തെത്തിയിരുന്നു. വെളുത്ത പന്തിലെ ആക്രമണാത്മക ബാറ്റിംഗിനൊപ്പം ദീർഘനേരം ക്രീസിൽ നിലയുറപ്പിക്കാനുള്ള മാനസിക ശക്തിയും സാങ്കേതിക മികവും വൈഭവിനുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും തിളങ്ങാൻ കഴിയുന്ന സമ്പൂർണ ബാറ്ററായി വളരാനുള്ള തയ്യാറെടുപ്പിലാണ് വൈഭവ് സൂര്യവംശി.

You may also like