Home Entertainment‘15 വർഷമായി മമ്മൂട്ടി കാണണമെന്ന് പറയുന്നു, പക്ഷേ കൊണ്ടുപോയിട്ടില്ല’; കൃഷിയിടത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ജയറാം

‘15 വർഷമായി മമ്മൂട്ടി കാണണമെന്ന് പറയുന്നു, പക്ഷേ കൊണ്ടുപോയിട്ടില്ല’; കൃഷിയിടത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ജയറാം

by news_desk1
0 comments

ചെന്നൈ: സിനിമയില്ലാത്ത ഒരു ജീവിതം ഉണ്ടായിരുന്നെങ്കിൽ താൻ പൂർണസമയ കർഷകനായി മാറുമായിരുന്നുവെന്ന് നടൻ ജയറാം. തന്റെ സ്വകാര്യ കൃഷിയിടത്തെക്കുറിച്ചും അതിനോടുള്ള അടുപ്പത്തെക്കുറിച്ചും സംസാരിക്കവെയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവവും താരം പങ്കുവെച്ചത്.

തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ പ്രതികരണം. “ഒരു ദിവസം ഉറക്കമുണരുമ്പോൾ സിനിമ എന്നൊന്ന് ഇല്ലാതായാൽ എന്ത് ചെയ്യും?” എന്ന ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ കൃഷിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

സിനിമ ഇല്ലെങ്കിൽ നേരെ തന്റെ കൃഷിയിടത്തിലേക്കായിരിക്കും പോകുകയെന്ന് ജയറാം പറഞ്ഞു. വർഷങ്ങളായി കൃഷിയിലും കന്നുകാലി പരിപാലനത്തിലും സജീവമാണെങ്കിലും അതിനെ പൊതുവേദികളിൽ പ്രദർശിപ്പിക്കാൻ താൻ ഇഷ്ടപ്പെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“എന്റെ ഫാം ഞാൻ വളരെ സ്വകാര്യമായി സൂക്ഷിക്കുന്ന സ്ഥലമാണ്. ഫോട്ടോകൾ എടുക്കുകയോ ആളുകളെ അവിടേക്ക് കൊണ്ടുപോകുകയോ ചെയ്യാറില്ല. കൃഷിയോട് വലിയ താൽപര്യമുള്ള ആളാണ് മമ്മൂട്ടി സാർ. കഴിഞ്ഞ 15 വർഷമായി ഒരിക്കലെങ്കിലും ഫാം കാണിക്കാൻ കൊണ്ടുപോകാമോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഞാൻ സമ്മതിച്ചിട്ടില്ല. അത് എന്റെ വ്യക്തിപരമായ സന്തോഷമാണ്,” ജയറാം പറഞ്ഞു.

കൃഷിക്കൊപ്പം കന്നുകാലി വളർത്തലും തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന് താരം വ്യക്തമാക്കി. സിനിമാ തിരക്കുകളിൽ നിന്ന് ഇടവേള ലഭിക്കുമ്പോഴെല്ലാം ഫാമിലായിരിക്കും സമയം ചെലവഴിക്കുന്നത്. സിനിമാ ഷൂട്ടിംഗിനേക്കാൾ നേരത്തെ തന്റെ ദിവസം ആരംഭിക്കുന്നത് ഫാമിലാണെന്നും അദ്ദേഹം പറഞ്ഞു.

“ഫാമിൽ പുലർച്ചെ 3.30-നാണ് ദിവസം തുടങ്ങുന്നത്. പശുവിനെ കറക്കുന്നതു മുതൽ വിവിധ ജോലികൾ വരെ വൈകുന്നേരം വരെ തുടരും. ആ ജോലികളിൽ മുഴുകി പ്രവർത്തിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്,” ജയറാം പറഞ്ഞു.

കൃഷിരംഗത്തെ പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരങ്ങളും ജയറാമിനെ തേടിയെത്തിയിട്ടുണ്ട്. 2005-ൽ മികച്ച ഫാമിനും പരിസ്ഥിതി സൗഹൃദ കൃഷിരീതികൾക്കുമുള്ള പുരസ്കാരങ്ങൾ നേടിയ അദ്ദേഹം, 2022-ൽ മികച്ച കർഷകനുള്ള കേരള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.

അഭിനയത്തിനും കൃഷിക്കുമൊപ്പം ചെണ്ടമേളത്തോടുള്ള തന്റെ പ്രണയവും ഇന്നും തുടരുന്നുണ്ടെന്ന് ജയറാം കൂട്ടിച്ചേർത്തു. കൂടുതൽ സമയം ലഭിച്ചാൽ ചെണ്ട കൊട്ടാനായിരിക്കും പോകുകയെന്നും താരം പറഞ്ഞു.

വെള്ളിത്തിരയിലെ തിരക്കുകൾക്കിടയിലും മണ്ണിനോടും കൃഷിയോടും ചേർന്നുനിൽക്കുന്ന ജയറാമിന്റെ ജീവിതശൈലിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

You may also like