തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. പൊട്ടിത്തെറിയില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ഇതുവരെ വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മന്ത്രിമാര്‍ പങ്കെടുക്കുന്ന ഇന്നത്തെ യോഗത്തില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഭരണകൂടവും സംഘാടകരും ജനപങ്കാളിത്തത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഡിജിപി വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടസ്ഥലത്ത് പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. കഡാവര്‍ നായ്ക്കളുടെ സഹായത്തോടെയുള്ള തിരച്ചിലില്‍ ഇന്ന് നാല് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഥലത്ത് നിന്നും കണ്ടെത്തിയ ഏകദേശം 300 കിലോ സ്ഫോടക വസ്തുക്കള്‍ ഇന്ന് തന്നെ നീക്കം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.
സ്ഫോടനസമയത്ത് സ്ഥലത്ത് 37 പേര് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതില്‍ നാല് പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

