തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലവിലെ ആരോഗ്യ മന്ത്രി കെ മുരളീധരന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഒരു പ്രസംഗം സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കെ മുരളീധരന് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
‘എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന പരാമര്‍ശം ഉള്‍പ്പെട്ട പഴയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്. അന്ന് മുരളീധരന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നാണ് വിമര്‍ശകരുടെ പരിഹാസം.
പഴയ പ്രസംഗത്തില്‍ കെ മുരളീധരന് പറഞ്ഞത് ഇങ്ങനെയായിരുന്നു:
“പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ. വവ്വാല് ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല് ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോള്‍ എന്താണ് നിപ ഉണ്ടാവാന്‍ കാരണം. ഭരിക്കുന്നവന് ശരിയല്ല. അതുകൊണ്ട് തന്നെയാണ്.”
അതേസമയം, വിഷയം പരാമര്‍ശിച്ച് രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോര്‍ജും പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പലരും തനിക്ക് അയച്ചുതന്നതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വീണാ ജോര്‍ജ് വ്യക്തമാക്കി.
“അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നില്ക്കുക എന്നതാണ് ഇടതുപക്ഷ സമീപനം,” എന്നും അവര്‍ കുറിച്ചു.

