ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഈ മാസം മൂന്നിന് നടത്തിയ നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
പുതിയ പരീക്ഷയ്ക്ക് വിദ്യാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷയ്ക്ക് അടച്ച ഫീസ് വിദ്യാർഥികൾക്ക് തിരിച്ചുനൽകുമെന്നും എൻടിഎ അറിയിച്ചു.
ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിലും ഉണ്ടായിരുന്നുവെന്ന ആരോപണമാണ് വലിയ വിവാദത്തിന് വഴിവെച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിക്കുകയായിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ക്രമക്കേടിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്നാണ് വിവരം.
രാജസ്ഥാനിലെ സിക്കറിൽ പരീക്ഷയ്ക്ക് മുമ്പ് വ്യാപകമായി പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിനും യഥാർഥ പരീക്ഷ ചോദ്യപേപ്പറിനും തമ്മിൽ സാമ്യം കണ്ടെത്തിയതോടെയാണ് ചോർച്ച പുറത്തറിഞ്ഞത്.

