ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതില്‍ തൂക്കുകയറിന് പകരം വിഷം കുത്തിവെച്ച് മരണം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൂക്കിലേറ്റല്‍ രീതി പൂര്‍ണമായും നിര്‍ത്തലാക്കുകയോ, അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തൂക്കിലേറ്റലോ വിഷം കുത്തിവെച്ചുള്ള വധശിക്ഷയോ തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുകയോ ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ ശിക്ഷ നടപ്പാക്കുന്ന രീതിയില്‍ പ്രതിക്ക് തിരഞ്ഞെടുപ്പ് നല്‍കുന്നത് പ്രായോഗികമല്ലെന്നും അത് നയപരമായ വിഷയമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേന്ദ്രത്തിനായി ഹാജരായ സീനിയര്‍ അഭിഭാഷക സോണിയ മാഥൂര്‍ ഇക്കാര്യം കോടതിയെ അറിയിച്ചു.
ഇതിന് പിന്നാലെ, “സര്‍ക്കാര്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നില്ല. തൂക്കിലേറ്റല്‍ വളരെ പഴയ രീതിയാണ്. കാലം മാറിയപ്പോള്‍ പല കാര്യങ്ങളും മാറിയിട്ടുണ്ട്”െന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കേസ് അടുത്ത മാസം 11ലേക്ക് മാറ്റി.
തൂക്കിലേറ്റപ്പെടുന്നവര്ക്ക് ദീര്‍ഘനേരം വേദന അനുഭവിക്കേണ്ടി വരുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിന് പകരമായി ലീതല്‍ ഇന്ജക്ഷന്, ഷൂട്ടിംഗ്, ഇലക്ട്രോക്യൂഷന്, ഗ്യാസ് ചേംബര്‍ തുടങ്ങിയ രീതികള്‍ പരിഗണിക്കാമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. ഇത്തരം രീതികളില്‍ വേഗത്തില്‍ മരണം സംഭവിക്കുമെന്നും അവ കൂടുതല്‍ മാനുഷികവും മാന്യവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും തൂക്കിലേറ്റല്‍ ഒഴിവാക്കി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ശിക്ഷിക്കപ്പെട്ടവര്‍ക്ക് മരണം നേരിടുന്ന രീതി തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരനായ അഭിഭാഷകന് ഋഷി മല്‍ഹോത്ര കോടതിയില്‍ വാദിച്ചു.

