കോട്ടയം: തെരഞ്ഞെടുപ്പ് ഫലം ചിലരുടെ വ്യക്തിപരമായ മിടുക്കിന്റെ ഫലമല്ലെന്നും ജനങ്ങളുടെ അസന്തോഷം പ്രകടിപ്പിച്ച വോട്ടാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ജനങ്ങൾ പൊറുതിമുട്ടിയതിനാലാണ് മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരം മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് സുകുമാരൻ നായരുടെ വിലയിരുത്തൽ. കോൺഗ്രസിനും യുഡിഎഫിനും ഈ വോട്ടുകൾ അനുകൂലമായി മാറിയതായും ഉറച്ച കോട്ടകളിൽ പോലും വോട്ടർമാർ മാറ്റത്തിന് മുൻഗണന നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയായി ആരെയെങ്കിലും തീരുമാനിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ കാര്യമാണ്. കഴിവും പരിചയവുമുള്ള ആളെ തന്നെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.ഡി. സതീശനോട് വിയോജിപ്പ് തുടരുന്നുണ്ടെങ്കിലും, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ അത് അംഗീകരിക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
സമുദായത്തിന് ആരെയെങ്കിലും ജയിപ്പിക്കാനോ തോൽപ്പിക്കാനോ നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റം ആവശ്യമാണെന്ന് മുൻപേ പറഞ്ഞിരുന്നുവെന്നും അന്ന് വിമർശനങ്ങൾ നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അനധികൃതമായി ഒന്നും നേടാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസിൽ സജീവമായി. എംഎൽഎമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കെ, വിവിധ ഗ്രൂപ്പുകൾ പിന്തുണ ഉറപ്പാക്കാൻ ശ്രമം ശക്തമാക്കി. കെ സി വേണുഗോപാല്‍ 45 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുമ്പോൾ, രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തങ്ങളുടേതായി 25 എംഎൽഎമാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

