തിരുവനന്തപുരം: വിമർശനങ്ങളും രാഷ്ട്രീയ ആരോപണങ്ങളും നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കർ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അവധി ദിനത്തിൽ തന്നെ സെക്രട്ടറിയേറ്റിലെത്തി അദ്ദേഹം ചുമതല ഏറ്റെടുത്തു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ രാഷ്ട്രീയ തലത്തിലും സാമൂഹിക മാധ്യമങ്ങളിലുമടക്കം വിമർശനം ഉയർന്നിരുന്നു. നിയമനത്തെ ചുറ്റിപ്പറ്റി വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വാദപ്രതിവാദങ്ങളും തുടരുകയാണ്.
നിയമനത്തിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാക്കൾ, നടപടിയുടെ പശ്ചാത്തലവും ഭരണപരമായ മാനദണ്ഡങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന നിലപാട് മുന്നോട്ടുവച്ചു. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട മുൻകാല പ്രവർത്തനങ്ങളും ചർച്ചകളിൽ ഉയർന്നുവന്നു.
അതേസമയം, സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയമനത്തെ ന്യായീകരിച്ചുകൊണ്ട് പ്രതികരണം ഉണ്ടായി. നിയമനത്തിൽ രാഷ്ട്രീയ പരിഗണനകളില്ലെന്നും ഭരണപരമായ കഴിവും പരിചയവുമാണ് പരിഗണിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ പ്രവർത്തനക്ഷമതയും ഭരണപരിചയവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും വിശദീകരണം നൽകി.

