ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതിയിട്ടെന്ന ഗുരുതര ആരോപണവുമായി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. ഇറാനുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന ഒരാളെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
അമേരിക്കയിലേക്ക് പിന്നീട് കൈമാറപ്പെട്ട മുഹമ്മദ് ബാക്കര്‍ സാദ് ദാവൂദ് അല്‍-സാദി എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയരുന്നത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇവാങ്കയെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക നേതാവ് ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണ നീക്കം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തില്‍ ഉയര്‍ന്നുവരുന്ന ആരോപണം.
ഇവാങ്ക ട്രംപും ഭര്‍ത്താവ് ജാരെഡ് കുഷ്നറും താമസിക്കുന്ന ഫ്ലോറിഡയിലെ വസതിയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിയുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിസന്ദേശങ്ങള്‍ പങ്കുവെച്ചതായും ആരോപണമുണ്ട്.
അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ വിലയിരുത്തലുകള്‍ പ്രകാരം യൂറോപ്പിലും അമേരിക്കയിലുമായി വിവിധ ആക്രമണ പദ്ധതികളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഈ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍നിന്ന് ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

