കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ദ്വാരപാലക ശിൽപ്പക്കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു അറസ്റ്റിലായിരുന്നു. കേസുകളുടെ അന്വേഷണത്തിനിടെ ഏകദേശം 90 ദിവസത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ പിന്നീട് സ്വാഭാവിക ജാമ്യത്തിൽ അദ്ദേഹം പുറത്തിറങ്ങുകയായിരുന്നു.
പൊലീസ് കോൺസ്റ്റബിൾ ജോലി ഉപേക്ഷിച്ച ശേഷമാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സേവനമാരംഭിച്ചത്. 1997-ൽ താൽക്കാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നേടി. തുടർന്ന് വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഓഫീസറായും സേവനമനുഷ്ഠിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ദേവസ്വം ബോർഡ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്വർണപ്പാളിയെ ചെമ്പുപാളിയായി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു നടപടി. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് രേഖ തയ്യാറാക്കിയതെന്നും, ബോർഡിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും അന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു.
സ്വർണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയ ആദ്യ ഔദ്യോഗിക രേഖ തയ്യാറാക്കിയത് മുരാരി ബാബുവാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ മൊഴി ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബോർഡിലെ ഉന്നത അധികാരികളുടെ അറിവും അനുമതിയും കൂടാതെയുള്ള നടപടികൾ നടക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴിയിലെ പ്രധാന പരാമർശം.
ജീവനക്കാരുടെ സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന മുരാരി ബാബു വിവിധ സംഘടനകളുമായി പ്രവർത്തിച്ച ശേഷമാണ് പിന്നീട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനുമായി ബന്ധപ്പെട്ടത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം കേസുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും ശ്രദ്ധ നേടിക്കൊടുത്തിരിക്കുകയാണ്.

