Home Keralaനിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയില്ല; സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ നിലപാട് മാറ്റി കെ മുരളീധരൻ

നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയില്ല; സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ നിലപാട് മാറ്റി കെ മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. നിപ വിഷയത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിപ ചികിത്സയുമായി ബന്ധപ്പെട്ട് എത്താനുള്ള ഒരു ആന്റിവൈറൽ മരുന്ന് മാത്രമാണ് ബാക്കിയുള്ളതെന്നും അത് ഡൽഹിയിൽ നിന്ന് വൈകുന്നേരത്തിനകം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നിപ വൈറസ് വ്യാപനം ഉണ്ടായിട്ടില്ലെന്നും ഇതുവരെ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് താൻ തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി കെ ബി പ്രദീപിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ മുരളീധരൻ മുൻപ് സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയത്. സ്പെഷ്യൽ പ്ലീഡറുടെ നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിന് കൂട്ടുത്തരവാദിത്വം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാര പ്രകാരമുള്ള തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മന്ത്രി മറുപടി നൽകി. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായതും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശയും പരിഗണിച്ചാണ് മാറ്റം നടപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ചില നടപടികൾ വകുപ്പ് തലത്തിൽ ആവശ്യമായ ആലോചനകളില്ലാതെ സ്വീകരിച്ചതും മാറ്റത്തിന് കാരണമായതായി മന്ത്രി പറഞ്ഞു. സർക്കാർ സംവിധാനത്തിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like